കേരളത്തിന് കൂടുതല്‍ സഹായം; രൂപ ശക്തമായ നിലയിൽ: അരുൺ ജയ്റ്റ്ലി

അരുൺ ജയ്റ്റ്ലി.

ന്യൂഡല്‍ഹി∙ പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂർത്തിയായാൽ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി‌ അരുണ്‍ ജയ്റ്റ്‌ലി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം പുനരധിവാസ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലെയിമുകൾ വേഗത്തിൽ തീർക്കാൻ ഇൻഷുറൻസ് കമ്പനികൾക്കും വായ്പകൾ നൽകാൻ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രം നൽകിയ 600 കോടി രൂപ ഇടക്കാല ആശ്വാസം മാത്രമാണ്. സഹായം അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ആദ്യം ഇടക്കാല ആശ്വാസം. പിന്നെ സംസ്ഥാന പ്രതിനിധികൾക്കൊപ്പം കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. എത്ര മനുഷ്യരെ ബാധിച്ചു, എത്ര വീടുകൾ തകർന്നു തുടങ്ങിയ കണക്കുകളെടുക്കും. ഇതനുസരിച്ചാണ് തുക എത്രയെന്നു തീരുമാനിക്കുക. എൻഡിഎ ഭരിക്കുന്നതോ അല്ലാത്തതോ ആയ എല്ലാം സംസ്ഥാനങ്ങളിലും ഈ നടപടിക്രമമാണു പിന്തുടരുന്നത്– ജയ്റ്റ്ലി പറഞ്ഞു.

രൂപയുടെ മൂല്യം: ആശങ്ക വേണ്ട

രൂപയുടെ മൂല്യം ഇടിയുന്നതിനു പിന്നില്‍ രാജ്യത്തിനു പുറത്തുള്ള കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. 4–5 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്. റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.