നാല് മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് സ്റ്റേ; സ്പോട് അഡ്മിഷൻ നിർത്തി

ന്യൂഡൽഹി∙ കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകള്‍ക്കു ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണു സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രവേശന നടപടികള്‍ ഏകദേശം പൂര്‍ത്തിയായെന്നു കോളജ് മാനേജ്മെന്‍റുകളും സംസ്ഥാന സര്‍ക്കാരും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നും ഹൈക്കോടതി നടപടി റദ്ദാക്കണമെന്നുമുള്ള മെഡിക്കല്‍ കൗണ്‍സിലി‍ന്റെ ആവശ്യമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

സ്പോട്ട് അഡ്മിഷനിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ കാര്യം മാനേജ്മെന്റുകള്‍ സൂചിപ്പിച്ചപ്പോള്‍, വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിശദമായ വാദം വ്യാഴാഴ്ച കേള്‍ക്കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. നാല് സ്വാശ്രയ കോളജുകളിലുമായി 550 സീറ്റുകളിലേക്കാണു ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നത്. സുപ്രീംകോടതി ഇടപെടലോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി തുടരുന്ന സ്പോട്ട് അഡ്മിഷൻ നിര്‍ത്തിവച്ചു. 550 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് അനിശ്ചിതത്വത്തിലായത്. അന്തിമവിധി വരും വരെ ഈ സീറ്റുകളില്‍ പ്രവേശനം നേടിയതിനു യാതൊരു സാധുതയും ഇല്ല.

ഇതോടെ സ്പോട്ട് പ്രവേശനത്തിലൂടെ നികത്തിയ മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ പ്രവേശനവും ചോദ്യചിഹ്നമായി. സുപ്രീംകോടതി വിധിക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയശേഷമാകും അടുത്ത അഡ്മിഷന്‍. പത്താം തിയതിക്കകം അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ അതനുസരിച്ച് തിയതി നിശ്ചയിക്കും. 1,100 ഓളം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളാണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നത്.