'രാഹുലിനെ ബിജെപി നേതാവ് പിന്തുണച്ചു'; വിവാദമായപ്പോൾ ട്വീറ്റ് നീക്കം ചെയ്തതായി കോൺഗ്രസ്

ന്യൂഡൽഹി∙ കൈലാസ് മാനസസരോവർ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിയെ പിന്തുണച്ചു നിലപാടെടുത്തതിന് ബിജെപി നേതാവ് തരുണ്‍ വിജയ്‍യെ അഭിനന്ദിച്ച് കോൺഗ്രസ്. തരുൺ പേടി കൂടാതെ സത്യത്തിന്റെ കൂടെ നില്‍ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ട്വീറ്റ് വന്നതിനുപിന്നാലെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. തുടർന്ന് തരുൺ വിജയ് അതു നീക്കം ചെയ്തു.

രാഹുൽ ഗാന്ധിയെക്കുറിച്ച് എഴുതിയ ശേഷം പിന്നീട് തരുൺ അത് ട്വിറ്ററിൽ നിന്നു നീക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ആരോപിച്ചു. സത്യം ശിവം സുന്ദരം, ശിവനാണു സത്യം. മഹാദേവൻ നിങ്ങൾക്ക് സത്യത്തിന്റെ പാത കാണിക്കട്ടെ. കള്ളങ്ങൾ തകർക്കപ്പെടും– തരുൺ വിജയ്‍യുടെ ട്വീറ്റുകളുടെ ചിത്രങ്ങളുൾപ്പെടെ സുർജേവാല ട്വിറ്ററിൽ പ്രതികരിച്ചു. അതേസമയം തരുൺ വിജയ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.