കെഎസ്ആർടിസി തച്ചങ്കരിയുടെ സ്വകാര്യ സ്വത്തല്ല, അധികം കളിക്കണ്ട: പന്ന്യൻ രവീന്ദ്രൻ

പന്ന്യൻ രവീന്ദ്രൻ, ടോമിൻ തച്ചങ്കരി

തിരുവനന്തപുരം∙ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തച്ചങ്കരി അധികം കളിക്കേണ്ടെന്നു പറഞ്ഞ പന്ന്യൻ, എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും ആരോപിച്ചു.

എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം‍. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആർടിസിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നൽകി. 

കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ സമിതി കെഎസ്ആർടിസി ചീഫ് ഓഫിസ് നടയിൽ നടത്തുന്ന അനശ്ചിതകാല സത്യാഗ്രഹത്തിന്റെ ഉദ്ഘാടനവേദിയിൽ നിന്നും മടങ്ങുന്ന പന്ന്യൻ രവീന്ദ്രൻ. ചിത്രം: മനോജ് ചേമഞ്ചേരി

നേരത്തേ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ടോമിൻ തച്ചങ്കരിയെ അശ്ലീലവാക്കുകളാൽ അധിക്ഷേപിച്ചിരുന്നു. കേരളത്തിൽ മുൻപും തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. അയാളുടെ ഉത്തരവുകൾക്കു പുല്ലുവില പോലും കൽപ്പിക്കുന്നില്ല. അയാളെ മാറ്റണമെന്നും ആവശ്യപ്പെടില്ല. എംഡി സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നും ആനത്തലവട്ടം പറഞ്ഞിരുന്നു.