രാജീവ് വധക്കേസ്: പേരറിവാളന്റെ ദയാഹർജി ഗവർ‌ണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹർജി പരിഗണിക്കാൻ തമിഴ്നാട് ഗവര്‍ണറോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണു നിർദേശം. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.

തമിഴ്നാടിന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് ഓഗസ്റ്റ് പത്തിന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്കു മാപ്പ് നൽകുന്നത് അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുന്‍പ് സമർപ്പിച്ച ദയാഹർജിയിൽ നാളിതുവരെയായി തമിഴ്നാട് ഗവർണർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പേരറിവാളൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു. രാജീവ് ഗാന്ധിയുൾപ്പെടെ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ബെൽറ്റ് ബോംബിൽ ഉപയോഗിക്കുന്നതിനായി ബാറ്ററി വാങ്ങിനൽകിയെന്ന കുറ്റമാണ് പേരറിവാളനെതിരെയുള്ളത്.

1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനു എന്നു പേരുള്ള വനിതാ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിൽ പേരറിവാളൻ ഉൾപ്പെടെ ഏഴുപേരാണു പ്രതികളായുള്ളത്. 24 വർഷത്തെ ശിക്ഷയ്ക്കു ശേഷം 2015 ഡിസംബർ 30നാണ് പേരറിവാളൻ ഗവർ‌ണര്‍ക്ക് ദയാഹർജി സമർപ്പിച്ചത്.