ശബരിമല സന്നിധാനത്തിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം∙ ശബരിമല സന്നിധാനത്തേക്ക് പമ്പയിൽ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈൻ പ്രളയത്തിൽ തകർന്നത് ഇന്നലെ പുനഃസ്ഥാപിച്ചു. പമ്പാനദിക്ക് കുറുകെ പുതുതായി ലൈൻ വലിച്ചാണ് സന്നിധാനത്തിൽ വൈദ്യുതി എത്തിച്ചത്. ഇതോടെ സന്നിധാനത്തെ 38 ട്രാൻസ്ഫോർമറുകളും പ്രവര്‍ത്തനക്ഷമമായി. സന്നിധാനം, തീർഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയിൽ മണപ്പുറം ഭാഗത്തു വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ തുടരുന്നു.

രണ്ടു 11 കെ.വി ലൈനുകൾ കൂടി വലിച്ച് പമ്പാ നദിക്കു അക്കരെ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. തൃവേണി, ഹിൽടോപ്പ്, കെഎസ്ആർടിസി എന്നിവിടങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഇൻടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്. ശബരിമലയിലേയും സന്നിധാനത്തെയും വൈദ്യുതി വിതരണം പൂർണമായും പൂർവ സ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.