പ്രത്യേക അക്കൗണ്ട്: സർക്കാർ ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല.

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പൊതുസമൂഹം കയ്യയച്ചു നല്‍കുന്ന തുക വകമാറ്റി ചെലവഴിക്കാനുള്ള സാധ്യത തുറന്നിടുകയാണു പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍  ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തുംനിന്ന് ദുരിതാശ്വാസത്തിനായി വന്‍ തുകകള്‍ പ്രവഹിക്കുന്നതിനിടിയില്‍ പ്രത്യേക അക്കൗണ്ട് വേണ്ടെന്നുവച്ചത് സംശയത്തിനിട നല്‍കുന്നതായും ചെന്നിത്തല ആരോപിച്ചു.

പ്രളയ ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. തുക വകമാറ്റി ചെലവഴിക്കാതിരിക്കാനും ചെലവിടലില്‍ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ആ ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് അംഗീകരിച്ച് പ്രത്യേക അക്കൗണ്ട് തുടങ്ങി. എന്നാല്‍ ഇപ്പോള്‍ പൊടുന്നനെ അതു പിന്‍വലിച്ചിരിക്കുകയാണ്. ഓഖി ദുരിതാശ്വാസ ഫണ്ട് പൂര്‍ണമായി ചെലവഴിക്കാതെ കയ്യില്‍ വച്ചിരിക്കുന്ന സാഹചര്യത്തില്‍ സംശയം വർധിക്കുന്നു. പ്രളയത്തിനുള്ള പണം വക മാറ്റുകയില്ലെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.