പൊലീസും ബിഷപ്പും അവിശുദ്ധ കൂട്ടുകെട്ടിൽ: തുറന്നടിച്ച് ജസ്റ്റിസ് ബി.കെമാല്‍പാഷ

ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ ജസ്റ്റിസ് ബി.കെമാല്‍പാഷയും പി.ടി.തോമസ് എംഎല്‍എയും.

കൊച്ചി∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കേരള പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നു ജസ്റ്റിസ് ബി.കെമാല്‍പാഷ. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. ബിഷപ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണ്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നും ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരപ്പന്തലിലെത്തിയ കെമാല്‍പാഷ പറഞ്ഞു.

പി.ടി.തോമസ് എംഎല്‍എ, ഫാ. പോള്‍ തേലക്കാട്ട് തുടങ്ങിയവരും കെസിവൈഎം പ്രവര്‍ത്തകരും സമരത്തിനു പിന്തുണയറിയിച്ചെത്തി. കേസില്‍ മുഖ്യമന്ത്രി പക്ഷപാതം കാട്ടുന്നുവെന്നു പി.ടി.തോമസ് ആരോപിച്ചു.

ഇതിനിടെ, ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ശ്രമം തുടങ്ങി. നീക്കത്തിനു പിന്നില്‍ ഡിജിപിയും ഐജിയുമാണെന്ന് ആരോപിച്ചു പരാതിക്കാരിയുടെ ഒപ്പമുള്ള കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്തെത്തി. കേസ് അട്ടിമറിക്കാനുളള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു കന്യാസ്ത്രീയുടെ കുടുംബം വ്യക്തമാക്കി. സംഭവം വിവാദമായതോടെ കേസ് ക്രൈംബ്രാഞ്ചിനു വിടില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണു രണ്ടാംഘട്ട അന്വേഷണത്തിനു ശേഷവും കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകള്‍ രണ്ടാംഘട്ടത്തില്‍ പൊലീസിനു ലഭിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികള്‍ പച്ചക്കള്ളമാണെന്നും കണ്ടെത്തി. വര്‍ഷങ്ങളായി തനിക്കു കീഴില്‍‌ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്‍റെ മൊഴി.

ഉന്നതങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമുണ്ടായിട്ടും അന്വേഷണ സംഘം ബിഷപ്പിന്‍റെ അറസ്റ്റില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഗൂഢനീക്കം. അന്തർ സംസ്ഥാന ബന്ധമുള്ള കേസ് എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇതിനു കളമൊരുക്കുന്നത്. അന്വേഷണത്തില്‍നിന്ന് ഒഴിവാക്കണമെന്നു വൈക്കം ഡിവൈഎസ്പിയില്‍നിന്നു നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങാനും ശ്രമമുണ്ടെന്നറിയുന്നു. ഇതിനിടെ, ക്രൂരമായി അധിക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നു കന്യാസ്ത്രീയുടെ കുടുംബം വ്യക്തമാക്കി.