ദുരന്തങ്ങൾക്കു പിന്നാലെ അഴിമതി വരും: സർക്കാരിനെ വിമർശിച്ച് ജേക്കബ് തോമസ്

ജേക്കബ് തോമസ് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ എല്ലാ പ്രകൃതി ദുരന്തങ്ങൾക്കു പിന്നാലെയും വൻതോതിലുള്ള അഴിമതി അരങ്ങേറുമെന്നു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. പുനർനിർമാണ പ്രക്രിയയുടെ ചുവടു പിടിച്ചാണ് ഇതു നടക്കുകയെന്നും പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഴിമതി ദുരന്തങ്ങളുടെ ആക്കം വർധിപ്പിക്കും. ജപ്പാനിൽ സൂനാമിയും ഭൂകമ്പവും ഒന്നിച്ചുണ്ടായപ്പോൾ 15,000 പേരാണു മരിച്ചത്. ഇതേസമയം, ഹെയ്തിയിൽ ഭൂകമ്പം മാത്രമുണ്ടായപ്പോൾ രണ്ടു ലക്ഷം പേരാണു മരിച്ചത്. ഈ വ്യത്യാസത്തിനു കാരണം രണ്ടു രാജ്യങ്ങളിലുമുള്ള അഴിമതിയുടെ തോതിലുള്ള വ്യത്യാസമാണ്.

ദുരന്തങ്ങളുണ്ടായാൽ സഹായങ്ങൾ പല ഭാഗങ്ങളിൽനിന്നും കിട്ടും. പണം ഏതെങ്കിലും പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചതു കൊണ്ട് അഴിമതി ഇല്ലാതാക്കാനാവില്ല. പുനർനിർമാണ പ്രവർത്തനങ്ങൾ തിടുക്കത്തിൽ നടത്താനുള്ള തത്രപ്പാടിൽ സുതാര്യത നഷ്ടമാകും. ഇതു ലോകമെമ്പാടുമുള്ള കാര്യമാണ്. ഗവേഷണങ്ങളിൽ ഇതു തെളിഞ്ഞിട്ടുമുണ്ട്.

ഒരു ഫ്ലൈറ്റിന്റെ സുരക്ഷിതത്വം പൈലറ്റിന്റെ കാര്യശേഷിയെ ആശ്രയിച്ചിരിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ പൈലറ്റിനു കാര്യശേഷിയുണ്ടോ എന്ന ചോദ്യത്തിനു കേരളത്തിനു പുറത്തുനിന്നുള്ള പൈലറ്റിനെ കൊണ്ടുവരാൻ കഴിയുമോ എന്നും കേരളത്തിലുള്ളവർ തിരഞ്ഞെടുത്ത പൈലറ്റല്ലേ ഇപ്പോഴത്തേത് എന്നുമായിരുന്നു മറുപടി.