ഇന്ധനവില തങ്ങളുടെ നിയന്ത്രണത്തിലല്ല, ഇതു താൽക്കാലിക പ്രതിഭാസം: രവിശങ്കർ പ്രസാദ്

രവി ശങ്കർ പ്രസാദ്

ന്യൂഡൽഹി∙ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുന്നതിനിടെ ഇന്ധനവിലക്കയറ്റം തങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്ന വാദവുമായി ബിജെപി. ഇന്ധനവില സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കുന്നതല്ല. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നില്ല. ഇപ്പോഴത്തെ ബുദ്ധിമുട്ടിന്‍റെ പേരിലുള്ള പ്രതിഷേധം ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണക്കുമെന്ന് ബിജെപി കരുതുന്നില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യാന്തരവിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ഇന്ധനവിലയെ സ്വാധീനിക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും ലഭ്യതക്കുറവും വിലക്കയറ്റം രൂക്ഷമാക്കി. ഇതു താല്‍ക്കാലികപ്രതിഭാസം മാത്രമാണെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ പറഞ്ഞു.

ഇതിനിടെ, ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

ഡല്‍ഹി ജന്തര്‍മന്തറിലായിരുന്നു ഇടതുപാര്‍ട്ടികളുടെ സംയുക്തപ്രതിഷേധം. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുത്ത നരേന്ദ്രമോദിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിഷേധത്തിനിടെ ഇടതുനേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.