റോഡില്‍ കുത്തിയിരുന്നു പേരെടുക്കാൻ ശ്രമം: കന്യാസ്ത്രീകൾക്കെതിരെ പി.സി. ജോർജ്

പി.സി. ജോർജ് (ഫയൽ ചിത്രം)

കോട്ടയം∙ വിവാദം കത്തുന്നതിനിടെ വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണ്. റോഡില്‍ കുത്തിയിരുന്നു പേരെടുക്കാനാണു ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു.

അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയില്‍ പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോട്ടയം എസ്പി, ‍ഡിജിപി ലോക്നാഥ് ബെഹ്റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. ജോര്‍ജ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുക്കാനാവുമോയെന്നു പരിശോധിക്കാന്‍ ഡിജിപി കോട്ടയം എസ്പിക്കു നിര്‍ദേശം നല്‍കിയിരുന്നു.

അപമാനിക്കപ്പെട്ടയാള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഇത്തരം കേസുകള്‍ നിലനില്‍ക്കൂവെന്നാണു പൊലീസിന്റെ നിഗമനം. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.