കന്യാസ്ത്രീക്കെതിരായ പരാമർശം; പി.സി ജോർജിന് വനിത കമ്മിഷന്റെ സമൻസ്

പി.സി.‍ജോർജ്

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎ പി.സി.‍ ജോർജിനു ദേശീയ വനിത കമ്മിഷന്റെ സമൻസ്. ഈ മാസം 20ന് പി.സി. ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.

കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയില്‍ പി.സി. ജോര്‍ജ് പ്രതികരിച്ചത്. ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

എന്നാൽ എംഎൽഎയ്ക്കെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നാണു പൊലീസ് വിശദീകരണം. പി.സി. ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കോട്ടയം എസ്പിയാണ്, ‍ഡിജിപി ലോക്നാഥ് ബെഹ്റയെ ഈ നിലപാട് അറിയിച്ചത്. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്.