ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ ഒത്തുകളിയെന്ന് ഹസൻ; കോൺഗ്രസ് കന്യാസ്ത്രീക്കൊപ്പം

മലപ്പുറം∙ ബിഷപ്പിന്റെ ആളുകളും സിപിഎമ്മും പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണു ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കന്യാസ്ത്രീകൾക്കൊപ്പമാണു കോൺഗ്രസുള്ളത്. ആവശ്യമെങ്കിൽ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കുചേരുമെന്നും എം.എം. ഹസൻ പറഞ്ഞു.

അതിനിടെ, ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി സിപിഎം കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വത്തിനു കൈമാറി. കേസില്‍ ഉന്നതതല ഇടപെടല്‍ ആരോപിച്ചു സീതാറാം യച്ചൂരിക്കാണു പരാതി നല്‍കിയത്. അതേസമയം, കന്യാസ്ത്രീയുടെ കത്തു പറത്തുവന്നതിനു പിന്നാലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സന്യാസിനീസമൂഹം കക്ഷിചേരുമെന്ന് അറിയിച്ചു. ബിഷപ്പിനെതിരായ പരാതി അടിസ്ഥാനരഹിതമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കി.

പൊലീസ് കന്യാസ്ത്രീമാരെ വഴിവിട്ടുസഹായിക്കുന്നു എന്നും ഇവർ ആരോപിച്ചു. ചോദ്യംചെയ്യലിന്റെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നു‌. പരാതിക്കാരിയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്താനും വാര്‍ത്താക്കുറിപ്പില്‍ ശ്രമം നടന്നിട്ടുണ്ട്.