പി.സി.ജോർജിന്റെ പരാമർശം: കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

പി.സി.ജോർജ്

കുറവിലങ്ങാട്∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ പി.സി.ജോര്‍ജ് എംഎൽഎ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ പൊലീസ് നടപടികളാരംഭിച്ചു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ് സംഘം. ഇതിനായി കുറവിലങ്ങാട് മഠത്തിലെത്തിലെത്തിയെങ്കിലും പൊലീസിന് അതിനു സാധിച്ചില്ല. സംഘത്തെ കാണാൻ കന്യാസ്ത്രീ തയാറാകാതിരുന്നതിനെ തുടർന്നു പൊലീസ് തിരിച്ചുപോയി.

കന്യാസ്ത്രീക്കു പരാതിയുണ്ടെങ്കില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പൊലീസിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണു മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിനു ദേശീയ വനിതാ കമ്മിഷന്‍ പി.സി. ജോര്‍ജിന് ഇന്നലെ സമന്‍സ് അയച്ചിരുന്നു. കന്യാസ്ത്രീക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണു നടപടികൾ ഊർജിതമാകുന്നത്.

ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും കുടുംബാംഗങ്ങളെയും കടുത്ത ഭാഷയിലാണ് പി.സി. ജോര്‍ജ് ഇന്നലെയും നേരിട്ടത്. കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്‍റെ വിശദീകരണം. നീതിക്കായി കോടതിയെ സമീപിക്കാതെ കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുന്നത് സഭയെ അവഹേളിക്കാനാണെന്നും ജോർജ് ആരോപിച്ചിരുന്നു.