കേരളത്തിന്റെ പുനർനിർമിതിക്ക് 30,000 കോടി വേണമെന്നു ധനവകുപ്പ്

തിരുവനന്തപുരം∙ പ്രളയം വരുത്തിവച്ച നഷ്ടം പരിഹരിക്കുന്നതിനും സംസ്ഥാനത്തെ പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനും 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു ധനവകുപ്പ്. 10,000 കോടി രൂപയോളം ജനങ്ങളിൽ നിന്നു പിരിച്ചെടുക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ പെൻഷനും ശമ്പളവും വാങ്ങുക വഴി 3800 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നും രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ പെൻഷൻകാരിൽ നിന്ന് ഒരു മാസത്തെ വിഹിതം വാങ്ങണമെന്നു പ്രത്യേകം പറയുന്നില്ല.

ഉത്തരവിലെ മറ്റു നിർദേശങ്ങൾ:
∙ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു ജീവനക്കാർ മുൻപു സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് ഒരു മാസത്തെ ശമ്പളത്തുകയിൽ നിന്നു കുറവു ചെയ്തു ബാക്കി തുക നൽകിയാൽ മതി. ഇതിനായി രസീത് സഹിതം ഡിഡിഒമാർക്ക് അപേക്ഷ നൽകണം.
∙ സംഭാവനയുടെ ആദ്യ ഗഡു, അടുത്ത മാസം ഒന്നു മുതൽ വിതരണം ചെയ്തു തുടങ്ങുന്ന ഇൗ മാസത്തെ ശമ്പളത്തിൽ നിന്ന് ഇൗടാക്കിത്തുടങ്ങും.
∙ താൽപര്യമുള്ളവർക്കു പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഒരു മാസത്തെ ശമ്പളം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. അപേക്ഷ ഉടൻ നൽകണം.
∙ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്തും ഒരു മാസത്തെ ശമ്പളം നൽകാം. ഇൗ സാമ്പത്തിക വർഷം ആർജിതാവധി ഒരു തവണ സറണ്ടർ ചെയ്തു കഴിഞ്ഞവർക്ക് ഇനി 30 ദിവസത്തെ അവധി ശേഷിക്കുന്നെങ്കിൽ ഒരിക്കൽ കൂടി സറണ്ടർ ചെയ്യാൻ അവസരം നൽകും. അപേക്ഷ ഉടൻ വേണം.
∙ 10 മാസം കൊണ്ടു പോലും ഒരു മാസത്തെ ശമ്പളം നൽകാൻ ശേഷിയില്ലാത്തവർക്കു പിഎഫ് വായ്പാ തിരിച്ചടവ് ഇൗ മാസം മുതൽ 10 മാസം ഒഴിവാക്കി നൽകും. എന്നാൽ, തിരിച്ചടവു കാലാവധിക്കു മുൻപു വിരമിക്കുന്നവർക്കു തിരിച്ചടവിൽ ബാക്കിയുള്ള തുക പെൻഷൻ ആനുകൂല്യങ്ങളിൽ ക്രമീകരിക്കും. ഇതിനായി പിഎഫ് ചട്ടങ്ങളിൽ ഇളവു വരുത്തി.
∙ ആദായനികുതി ചട്ടം 80ജി പ്രകാരം ഇളവിന് അർഹരായവർക്ക് അതതു സാമ്പത്തിക വർഷം തന്നെ ഇളവു ലഭ്യമാക്കും.
∙ ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ ഇൗ മാസം 22നു മുൻപ് എഴുതി നൽകേണ്ട പ്രസ്താവന ഇങ്ങനെ: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നൽകാൻ സമ്മതമല്ലെന്ന് അറിയിക്കുന്നു.