സത്യം അറിയാതെ നിലപാടെടുക്കാൻ കഴിയില്ല: ബിഷപ് ഫ്രാങ്കോയെ പിന്തുണച്ച് ചങ്ങനാശേരി രൂപത

ബിഷപ്പ് തോമസ് തറയിൽ

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശേരി രൂപതാ സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിൽ. സത്യം അറിയാതെ നിലപാടെടുക്കാൻ സഭയ്ക്കു സാധിക്കില്ലെന്ന് ബിഷപ് തോമസ് തറയിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

ബിഷപ്പിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

കുറ്റവാളിയെന്നു തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്നു കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരു കാര്യം മനസിലായി: കുറ്റാരോപിതൻ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കിൽ നിരപരാധിയെന്നു തെളിയിക്കുന്നതുവരെ അയാൾ കുറ്റവാളിയെന്നു കണക്കാക്കപ്പെടും!!! ഇതു കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്കു നിശ്ചയം ഇല്ല....

പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോടു ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു... സത്യം അറിയാതെ നിലപാടെടുക്കാൻ സഭയ്ക്കു സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.