ബിഷപ്പിനെതിരായ സമരം: സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകരുത് എന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന ഉപവാസത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ.

കൊച്ചി ∙ ജലന്തർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം.സിഎംസി സുപ്പീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായാണ് സർക്കുലർ പുറത്തിറക്കിയത്. പ്രതിഷേധ ധർണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങൾ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സർക്കുലർ.

പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കരുതെന്നു കാട്ടി പുറത്തിറക്കിയ സർക്കുലർ.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗണ്‍സിൽ നടത്തുന്ന സമരത്തിനു പിന്തുണയേറി. ആക്‌ഷൻ കൗൺസിൽ ഭാരവാഹിയായ സ്റ്റീഫൻ മാത്യു നിരാഹാരം തുടരുകയാണ്. സമരം ബുധനാഴ്ച അഞ്ചാം ദിനത്തിലേക്കു കടന്നു.

സഭാവിരുദ്ധരാണ് പരാതിക്കു പിന്നിലെന്ന് ഇന്നലെ ജലന്തർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പറഞ്ഞിരുന്നു. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരുടെ ലക്ഷ്യമെന്നും ആരോപിച്ച ബിഷപ്പ് പൊലീസിന്റെ അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ സമരത്തിനു പിന്നിൽ ഗൂഢാലോചനയെന്ന ബിഷപ്പിന്റെ പ്രസ്താവന സമരത്തിലുള്ള കന്യാസ്ത്രീകൾ നിഷേധിച്ചു. നീതിക്കു വേണ്ടിയാണ് സമരം. പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നത് തെറ്റാണെന്നും കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള സന്യാസിനിമാരായ അനുപമ, ജോസഫൈൻ, നീന റോസ്, ആൽഫി എന്നിവർ പ്രതികരിച്ചു.

അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന്‍റെ നിര്‍ണായക യോഗം ഇന്ന് നടക്കും. കന്യാസ്ത്രീയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള രണ്ടാംഘട്ട അന്വേഷണവും പൂര്‍ത്തിയായി. മൊഴികളിലുള്‍പ്പെടെ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.  

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് അന്വേഷണ സംഘത്തിന്‍റെ ഇന്നത്തെ യോഗം നിര്‍ണായകമാക്കുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലാണ് യോഗം. മൊഴിയിലെ വൈരുദ്ധ്യവും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും യോഗം പരിശോധിക്കും.‌

2014 – 16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യപരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവുകളും വിലയിരുത്തും. അന്വേഷണം പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 

കന്യാസ്ത്രീയൂടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. നടപടികള്‍ വിശദീകരിച്ചുള്ള മറുപടി നാളെ കോടതിയില്‍ നല്‍കേണ്ടതുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി നോട്ടിസ് നല്‍കി മുഖം രക്ഷിക്കാനാണ് പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രമമെന്നാണ് സൂചന.