'ഇന്ധനവിലവർധന സാമ്പത്തിക നയങ്ങളുടെ ഭാഗം': ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ ഇന്ധന വിലയിൽ ദിവസേനയുണ്ടാകുന്ന മാറ്റത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടുമായി ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയം സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതിൽനിന്നു കോടതികൾ വിട്ടുനിൽക്കണമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസുമാരായ രാജേന്ദ്ര മേനോൻ, വി.കെ. റാവു എന്നിവരടങ്ങിയ ബെഞ്ചാണു സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന നിലപാടു സ്വീകരിച്ചത്. ന്യായമായ വില സർക്കാർ നിലനിർത്തുമായിരിക്കും. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിനു നിർദേശം നൽകാന്‍ കോടതിക്കാവില്ല– ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

കുതിച്ചുകയറുന്ന ഇന്ധന വിലവർധനയ്ക്കെതിരെ ഡല്‍ഹിയിൽ ഡിസൈനറായ പൂജ മഹാജനാണു കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. അവശ്യ വസ്തുക്കളായി കരുതി പെട്രോൾ, ഡീസൽ എന്നിവയുടെ വിലക്കയറ്റം തടയുന്നതിനു നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. നാലാഴ്ചയ്ക്കകം നിലപാടു വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടു നിര്‍ദേശിച്ച കോടതി നവംബർ 16ന് വീണ്ടും വാദം കേൾക്കും.