പുറത്താക്കിയാലും നീതി ലഭിക്കും വരെ പോരാടും: നിലപാടു വ്യക്തമാക്കി കന്യാസ്ത്രീമാർ

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കു പിന്തുണയുമായെത്തിയ നടി റിമ കല്ലിങ്കൽ. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ സന്യാസിനി സമൂഹത്തില്‍നിന്നു പുറത്താക്കിയാലും സഭയ്ക്കുള്ളില്‍നിന്നു സമരം ചെയ്യുമെന്നു കന്യാസ്ത്രീകള്‍. നീതി ലഭിക്കും വരെ പോരാടും. കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തുന്നുവെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി. അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ നടക്കുന്ന സമരത്തിനു പിന്തുണയേറ്റി സെക്രട്ടറേറിയറ്റിനു മുന്നിലും ധര്‍ണ തുടങ്ങി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിന്തുണയോടെ സമരം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ വലിയ ജനപിന്തുണയാണു പൊതുസമൂഹത്തിൽനിന്നു ലഭിക്കുന്നത്. സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ നടക്കുന്ന സമരത്തിനു പിന്തുണയുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തുന്നുണ്ട്. ഐഎൻടിയുസി പ്രവർത്തകരും ആർഎംപി പ്രവർത്തകരും പ്രകടനമായാണു സമരവേദിയിലെത്തിയത്. സിപിഎം നേതാവ് എം.എം. ലോറൻസ്, കോൺഗ്രസ് നേതാവ് അജയ് തറയിൽ, ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, എ.എം. രാധാക്യഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ നേതാക്കളായ എം.വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, ആർഎംപി നേതാവ് കെ.കെ. രമ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ എന്നിവർ പിന്തുണയുമായെത്തി.

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കൊപ്പം സിപിഎം നേതാവ് എം.എം.ലോറൻസ്. ചിത്രം: ടോണി ഡൊമിനിക്

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ തുടങ്ങിയ ധർണ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കേസ് അട്ടിമറിച്ചത് ഡിജിപിയും ഐജിയും ചേർന്നാണന്നും രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിനു തുള്ളുന്ന പാവയായി ഡിജിപി മാറിയെന്നും സുധീരൻ ആരോപിച്ചു.