എംപി, എംഎൽഎമാരിൽ 6.35% കുറ്റവാളികൾ; കേരളത്തിൽ എട്ടുപേരെന്നും കേന്ദ്രം

ന്യൂഡൽഹി∙ രാജ്യത്തെ ജനപ്രതിനിധികളിൽ കുറ്റവാളികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സർക്കാർ കണക്ക്. ക്രിമിനൽ കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയ എംപിമാർ, എംഎൽഎമാർ എന്നിവർ ആകെ എണ്ണത്തിന്റെ 6.35% മാത്രമാണെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളിൽ 38 എണ്ണത്തിൽ മാത്രമേ ജനപ്രതിനിധികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയുള്ളൂ. ബാക്കി 560 കേസുകളിലും ജനപ്രതിനിധികളെ വെറുതെവിട്ടു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനു മുൻപാകെയാണു കേന്ദ്രം ഈ കണക്കുകകൾ സമർപ്പിച്ചത്.

കേരളത്തിൽ എട്ടുപേരെ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ, 147 കേസുകളിൽ ജനപ്രതിനിധികളെ വെറുതെവിട്ടു. 178 കേസുകളാണു പ്രത്യേക കോടതികളിലേക്കു മാറ്റിയത്. എംപി, എംഎൽഎ എന്നിവർക്കെതിരായ ക്രിമിനൽ കേസുകളിൽ ഏറ്റവുമധികം കാലതാമസമുണ്ടാകുന്നത്. ബിഹാറിലാണ്. ആരെയും കുറ്റക്കാരായി കണ്ടെത്തിയില്ലെങ്കിലും ബിഹാറിൽ 48 കേസുകളിൽ നേതാക്കളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

തമിഴ്നാട് (68), ഗുജറാത്ത് (42), ഉത്തർപ്രദേശ് (29), മധ്യപ്രദേശ് (28) തുടങ്ങിയവയാണു ജനപ്രതിനികളെ കുറ്റവിമുക്തരാക്കുന്നതിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. 11 സംസ്ഥാനങ്ങളിലായി നടപടിക്രമങ്ങളിൽ കാലതാമസം നേരിടുന്ന 2466 ക്രിമിനൽ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കാൻ 12 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയതായും കേന്ദ്രം അറിയിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് നൽകിയ പൊതുതാൽപര്യ ഹർജിയാണു കോടതിയുടെ മുന്നിലുള്ളത്. ഒക്ടോബർ 10ന് കേസ് വീണ്ടും പരിഗണിക്കും.