മല്യയുടെ വിവാദബോംബ്; പ്രതിപക്ഷത്തിന് വെടിക്കോപ്പ്, ബിജെപിക്ക് തലവേദന

രഘുറാം രാജൻ, നരേന്ദ്ര മോദി, വിജയ് മല്യ

ന്യൂഡൽഹി∙ നരേന്ദ്രമോദി സർക്കാരിനെ പിടിച്ചുലയ്ക്കുന്ന വിവാദബോംബാണ് വിജയ് മല്യ ഇന്നലെ ലണ്ടനിൽ പൊട്ടിച്ചത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്ക് ബിജെപിയുമായും കേന്ദ്ര സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ നിരന്തരം ഉയർത്തുന്ന ഘട്ടത്തിലാണ് അവർക്ക് വെടിക്കോപ്പു പകരുന്ന മല്യയുടെ വെളിപ്പെടുത്തൽ– ‘ഇന്ത്യ വിടും മുൻപ് ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നു. ചർച്ച നടത്തിയിരുന്നു.’

കേന്ദ്രസർക്കാരിൽനിന്ന് ആരോ മല്യയെ സഹായിച്ചു എന്ന നേരത്തെതന്നെയുള്ള ആരോപണത്തിനു ബലം നൽകുന്നതാണ് ഇൗ വെളിപ്പെടുത്തൽ. 2016 ൽ ഡൽഹി വിമാനത്താവളത്തിൽനിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുൻപു തന്നെ മോദി സർക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂർണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് കഴിഞ്ഞദിവസങ്ങളിൽ വ്യക്തമായത്. 

ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കണം. താൻ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജൻ പറഞ്ഞിട്ടുണ്ട്.

അതായത്, ലളിത് മോദി, നിരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി, വിക്രം കൊത്താരി, ജതിൻ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ളതാണ് ഈ പട്ടിക.

നിമിഷത്തിന്റെ വില

അരുൺ ജയ്റ്റ്ലി പറയുന്നത് മല്യയെ ഒരു നിമിഷത്തേക്കു കണ്ടതേയുള്ളൂ എന്നാണ്. എന്നാൽ മല്യ പറയുന്നത് അങ്ങിനെയല്ല. തന്റെ വായ്പകളിന്മേൽ തീർപ്പുണ്ടാക്കാൻ തയ്യാറായിരുന്നു എന്നാണ് മല്യ പറയുന്നത്. ജയ്റ്റ്ലിക്ക് ധനമന്ത്രി എന്ന നിലയിൽ ബാങ്കുകളെ സഹായിക്കുന്ന നിലപാട് എടുക്കാമായിരുന്നു. എന്നാൽ ജയ്റ്റ്ലി അതിനു തുനിഞ്ഞില്ല.

ഏതാണു ശരി?

രഘുറാം രാജൻ പറയുന്നതു ശരിയാണെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ലഭിച്ച വിവരങ്ങളിന്മേൽ ഒരു നടപടിയും ഉണ്ടായില്ല. ഈ വ്യവസായികളെല്ലാം പുറത്തേക്കു പോകുമ്പോൾ തടയാൻ ഒരു ശ്രമവും നടത്തിയതുമില്ല.

ഒന്നുകിൽ രഘുറാം രാജൻ പറയുന്നത് ശരിയല്ല, അല്ലെങ്കിൽ മല്യ പറയുന്നതു ശരിയല്ല, അതുമല്ലെങ്കിൽ ജയ്റ്റ്ലി പറയുന്നത് ശരിയല്ല, ഇതിനിടയിൽ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഒന്നും പറയുന്നുമില്ല.

ലുക്ക് ഒൗട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെ?

മല്യ നാടു വിടുമ്പോൾ രാജ്യസഭാ എംപിയായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരേ സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാർച്ച് രണ്ടിനു ഡൽഹി വിമാനത്താവളത്തിൽ 12 പെട്ടികളുമായി ജെറ്റ് എയർവേയ്സ് വിമാനത്തിൽ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഒൗട്ട് നോട്ടിസും തടയുക (ഡിറ്റെയിൻ) എന്ന അറിയിപ്പും കംപ്യൂട്ടറിൽനിന്ന് മാറിയിരുന്നു. പകരം ആ സ്ഥാനത്ത് വിവരം അറിയിക്കുക (റിപ്പോർട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് എങ്ങിനെ സംഭവിച്ചു എന്ന് ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. 2016 ജൂണിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി തന്നെ ഇക്കാര്യം പറഞ്ഞതുമാണ്.

∙ അരവിന്ദ് കേജ്‍രിവാൾ(ഡൽഹി മുഖ്യമന്ത്രി): രാജ്യം വിടും മുൻപ് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിജയ് മല്യ അരുൺ ജയ്റ്റ്ലിയെയും. ഈ കൂടിക്കാഴ്ചകളിൽ നടന്ന കാര്യങ്ങൾ ജനത്തിന് അറിയണം.