എൻഎസ്ജി അംഗത്വം: ഇന്ത്യയ്ക്ക് യോഗ്യതകളുണ്ട്, തടസ്സം ചൈന മാത്രമെന്ന് യുഎസ്

വാഷിങ്ടൺ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ്. എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ചൈനയുടെ വീറ്റോ അധികാരമാണ് തടസ്സമായി നിൽക്കുന്നത്. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്നു വൈറ്റ് ഹൗസിലെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

48 അംഗരാജ്യങ്ങൾ ഉള്ള ആണവദാതാക്കളുടെ സംഘത്തിലേക്ക് അംഗത്വം ലഭിക്കുന്നതിനായി കഴി‍ഞ്ഞ ഒരു വർഷത്തിലേറെയായി ഇന്ത്യ ശ്രമിക്കുകയാണ്. ഭൂരിപക്ഷ പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ട്. എന്നാൽ എൻസിജിയിൽ അംഗത്വം നേടുന്നവർ ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കണമെന്ന ചൈനയുടെ പിടിവാശിയാണ് ഇന്ത്യയ്ക്കു തിരിച്ചടിയാകുന്നത്.

അഭിപ്രായ ഐക്യത്തിലൂടെ മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുന്ന സംഘമാണ് എൻസ്ജി. ചൈനയുടെ എതിർപ്പാണ് ഇന്ത്യയ്ക്ക് തടസ്സമായി നിൽക്കുന്നത്. എന്നാൽ ഇതുകൊണ്ട് ഇന്ത്യയുമായുള്ള സഹകരണത്തിൽ യുഎസ് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു ദക്ഷിണ–മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളുടെ പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് പറഞ്ഞു. നയതന്ത്ര വ്യാപാര അംഗീകാരത്തിലൂടെ സഖ്യകക്ഷികളിൽ ഏറ്റവും അടുത്ത സ്ഥാനമാണ് യുഎസ് ഇന്ത്യയ്ക്കു നൽകുന്നതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം, മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍) അംഗത്വം ഇന്ത്യ നേടിയിരുന്നു. രാജ്യാന്തര തലത്തിൽ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. ആയുധ കയറ്റുമതി നിയന്ത്രണങ്ങൾക്കുള്ള രാജ്യാന്തര കൂട്ടായ്മയായ വസേനാർ അറേഞ്ച്മെന്റിലും (ഡബ്ല്യുഎ), ഓസ്ട്രേലിയ ഗ്രൂപ്പ്(എജി) എന്നിവയിലും ഇന്ത്യ അംഗമാണ്.