ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് പരീക്കർ; പകരക്കാരനെ കണ്ടെത്താൻ ബിജെപി

മനോഹർ പരീക്കർ.

പനജി∙ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ പകരം സംവിധാനം കണ്ടെത്താന്‍ ബിജെപി. ഇതിനായി തിങ്കളാഴ്ച പ്രത്യേക സംഘത്തെ ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്ക് അയക്കുമെന്നാണു വിവരം. ഇതുമായി ബന്ധപ്പെട്ട് മനോഹർ പരീക്കർ ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷായുമായി സംസാരിച്ചതായും സൂചനകളുണ്ട്.

മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കർ ദേശീയ നേതൃത്വവുമായി പങ്കുവച്ചതായാണു കരുതുന്നത്. ചികിൽസയ്ക്കുശേഷം കഴിഞ്ഞ ആഴ്ച യുഎസിൽ നിന്നു തിരികെയെത്തിയ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചിരുന്നു. ബിജെപി നേതാക്കളായ റാംലാൽ, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാർട്ടി നിർദേശപ്രകാരം ഗോവയിലെത്തുക.

ഗോവ ബിജെപിയുടെ സംസ്ഥാന തല കോർ കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച നേതാക്കൾ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി നേതാവെന്ന നിലയിൽ പരീക്കർക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് ബിജെപിക്കു തലവേദന സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തത്.