യുവതിയെ തല്ലിച്ചതച്ച് ഡൽഹി പൊലീസുകാരന്റെ മകൻ; വിവാദമായപ്പോൾ കേസ്

രോഹിത് തോമർ യുവതിയെ മർദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യം. ചിത്രം∙ ട്വിറ്റർ

ന്യൂഡൽഹി∙ യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നു പൊലീസ് കേസെടുത്തു. ഡൽഹി പൊലീസിലെ നാർക്കോട്ടിക് വിഭാഗം എഎസ്ഐ അശോക് സിങ് തോമറിന്റെ മകൻ രോഹിത് തോമറാണ് യുവതിയെ തല്ലിച്ചതച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് രോഹിത്തിനെതിരെ പൊലീസ് കേസെടുത്തത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

യുവതിയുടെ പരാതിയെ തുടർന്നു പീഡന കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ് കമ്മിഷണറോടു നിർദ്ദേശിച്ചതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് നടപടിയുണ്ടായത്. 

സെപ്റ്റംബർ രണ്ടിനായിരുന്നു സംഭവം. ഡൽഹിയിലെ ഉത്തംനഗറിലെ കെട്ടിടുത്തിനുള്ളിൽ വച്ചു രോഹിത് യുവതിയെ പീഡിപ്പിക്കുകയും പരാതി നൽകുമെന്നു പറഞ്ഞപ്പോൾ മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. രോഹിതിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.