ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്; പിന്നിൽ‌ മോദിയെന്ന് ടിഡിപി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്. എട്ടു വർഷം മുൻപത്തെ കേസിൽ മഹാരാഷ്ട്ര കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 

ഈ മാസം 21ന് നായിഡു ഉൾ‌പ്പെടെയുള്ള 15 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം. അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്നതാണ് നായിഡുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗോദാവരി നദിയിൽ ബാബ്ലി ബാരേജ് പദ്ധതിയുടെ ഭാഗമായുള്ള അനധികൃത നിർമാണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. 2010ല്‍ ആന്ധ്രാ പ്രദേശിലെ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴായിരുന്നു തെലുങ്കു ദേശം പാർട്ടി സംഘടിപ്പിച്ച പ്രതിഷേധം നടക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണ് അറസ്റ്റ് നീക്കത്തിനു പിന്നിലെന്ന് ടിഡിപി നേതാക്കൾ ആരോപിച്ചു. അതേസമയം വാറണ്ടിൽ നിയമോപദേശം തേടിയശേഷം മാത്രമാകും മറ്റുകാര്യങ്ങൾ തീരുമാനിക്കുകയെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകനും ആന്ധ്രാ പ്രദേശ് മന്ത്രിയുമായ എൻ. ലോകേഷ് പറഞ്ഞു. കുറച്ചുകാലം മുൻപുവരെ എൻഡിഎ സഖ്യകക്ഷിയായിരുന്നു ടിഡിപി. ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കാത്തതിനെതുടർന്ന് പിന്നീട് ടിഡിപി സഖ്യം അവസാനിപ്പിക്കുകയായിരുന്നു.