പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തുന്ന പ്രതിഷേധത്തിൽനിന്ന്. (ഫയൽ ചിത്രം)

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കി മിഷനറീസ് ഓഫ് ജീസസ് നേതൃത്വം. പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയാണു വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാക്കി ചിത്രം മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത്.

മിഷിനറീസ് ഓഫ് ജീസസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട്

ലൈംഗികപീഡനക്കേസിലെ ഇരകളെ തിരിച്ചറിയുന്ന ഒരുവിവരവും പുറത്തുവിടരുതെന്ന കര്‍ശനനിയമം നിലനില്‍ക്കേയാണു മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വാര്‍ത്താക്കുറിപ്പില്‍ ചിത്രം ചേര്‍ത്തു നല്‍കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മിഷന്‍റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലാണു വാര്‍ത്താക്കുറിപ്പ്.

കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തി. സഭയുമായി ബന്ധമില്ലാത്ത നാലുപേരുടെ സഹായം കന്യാസ്ത്രീമാര്‍ക്കു ലഭിച്ചു. യുക്തിവാദികളുടെ ചിന്തകളും പിന്തുണയും കന്യാസ്ത്രീമാരെ സ്വാധീനിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.