എണ്ണ വില കുറയ്ക്കൂ; ഇല്ലെങ്കിൽ വിവരം അറിയും: പ്രധാനമന്ത്രിയോട് ബാബാ രാംദേവ്

ബാബാ രാംദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

ന്യൂഡൽഹി ∙ ദിനംപ്രതി വർധിക്കുന്ന ഇന്ധനവില നിയന്ത്രിക്കാൻ നരേന്ദ്രമോദിയ്ക്കു കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു യോഗഗുരു ബാബാ രാംദേവ്. കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലീറ്ററിന് 40 രൂപയ്ക്കു വില്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ധനവില നിയന്ത്രിച്ചില്ലെങ്കിൽ മോദി സര്‍ക്കാരിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താഴ്ന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ഒരു ദേശീയ മാധ്യമത്തിനു നൽ‌കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തു കൂടിയായ ബാബാ രാംദേവിന്റെ രൂക്ഷവിമർശനം. 

രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കു സാധിക്കും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിനറിയാം. പ്രധാനമന്ത്രി എത്രയും വേഗം  അതു ചെയ്‌തേ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ബാബാ രാംദേവ് കൂട്ടിച്ചേർത്തു.