17 മാസത്തിനിടെ യുപിയിൽ 1.36 കോടി ശുചിമുറികൾ; യോഗിയെ അഭിനന്ദിച്ച് മോദി

നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും.

ലക്നൗ∙ അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ നിർമിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2019ൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു യുപിയെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിക്കുമെന്നും യോഗി പറഞ്ഞു.

‌‘നാലുവര്‍ഷം മുന്‍പു സംസ്ഥാനത്തെ 99,000 ഗ്രാമങ്ങളില്‍ ശുചീകരണമെന്നതു വിദൂര സ്വപ്‌നമായിരുന്നു. 2014 ഒക്ടോബർ രണ്ടു മുതൽ 2017  മാർച്ചു വരെ 25 ലക്ഷം ശുചിമുറികൾ മാത്രമാണു നിർമിച്ചത്. ബിജെപി അധികാരത്തിലേറിയതോടെ ശുചിത്വ പ്രചാരണവും ശുചിമുറി നിർമാണവും സജീവമായി. 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ നിർമിച്ചു’– സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയായിരുന്നു യോഗി.

2019 ഒക്ടോബർ രണ്ടിനു ശേഷം സംസ്ഥാനത്ത് ഒരു കുടുംബം പോലും ശുചിമുറി ഇല്ലാത്തവരായി ഉണ്ടാകില്ല. ശുചിത്വ പ്രചാരണം ആരോഗ്യരംഗത്തും വലിയ മാറ്റമുണ്ടാക്കി. മസ്തിഷ്ക വീക്കം, വയറിളക്കം തുടങ്ങിയവ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. നേരത്തേ, നൂറിലധികം പേർ മസ്തിഷ്കവീക്കം ബാധിച്ചു മരിച്ചിരുന്നു. ഈ വർഷം മരണസംഖ്യ ആറായി ചുരുങ്ങിയെന്നും യോഗി ചൂണ്ടിക്കാട്ടി. യോഗിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാരിന്റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിച്ചു.