കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ; മനോഹർ പരീക്കറിനെ എയിംസിലേക്കു മാറ്റും

മനോഹർ പരീക്കർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ അസുഖ ബാധിതനായതിനെ തുടർന്നു ചികിൽസയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു മാറ്റും. ഇന്നു ഉച്ചക്കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ അദ്ദേഹത്തെ ഡൽഹിയിൽ എത്തിക്കും. ചികിൽസയ്ക്കു ശേഷം യുഎസിൽ നിന്നു മടങ്ങിയെത്തിയ മനോഹർ പരീക്കറിനെ കഴിഞ്ഞ ദിവസമാണ് ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് പരീക്കറിനെ ഡൽഹിയിലേക്കു മാറ്റാൻ തീരുമാനിച്ചത്.

മാസങ്ങളായി ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കർ ദേശീയ നേതൃത്വവുമായി പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനോഹർ പരീക്കർ ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷായുമായി സംസാരിച്ചതായും സൂചനകളുണ്ട്. പരീക്കറുടെ അസാന്നിധ്യത്തിൽ പകരം സംവിധാനം കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ തിങ്കളാഴ്ച ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്ക് അയക്കുമെന്നാണു വിവരം. ബിജെപി നേതാക്കളായ റാംലാൽ, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാർട്ടി നിർദേശപ്രകാരം ഗോവയിലെത്തുക.

ഗോവ ബിജെപിയുടെ സംസ്ഥാനതല കോർകമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച നേതാക്കൾ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.