കാസർകോട് സീറ്റ് സുരേന്ദ്രന് നഷ്ടമായേക്കും; പിടിമുറുക്കാൻ ശ്രീധരൻ പിള്ള

കെ.സുരേന്ദ്രൻ, പി.എസ്. ശ്രീധരൻ പിള്ള

ന്യൂഡല്‍ഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ മുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ഒരു സീറ്റിൽ രണ്ടിലധികം തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്നു ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു സംസ്ഥാന ഘടകം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജനപ്രിയ മുഖങ്ങൾക്ക് അവസരം നൽകി മികച്ച മത്സരം കാഴ്ചവയ്ക്കണമെന്നാണ് അമിത് ഷായുടെ നിർദേശം.

ഭാരവാഹി പട്ടികയിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പാലിച്ച സമവായ നീക്കം സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാവാനിടയില്ലെന്നാണു സൂചന. നേതാക്കൾ കാലങ്ങളായി കയ്യടക്കിയിരുന്ന സീറ്റുകൾ പിടിച്ചെടുത്തു പുതുമുഖങ്ങൾക്കു നൽകാനാണു ശ്രീധരൻ പിള്ളയുടെ നീക്കം. അങ്ങനെ എങ്കിൽ കാസർകോട് സീറ്റ് കെ.സുരേന്ദ്രനു നഷ്ടമാകും.

ജനങ്ങൾക്കു സ്വീകാര്യമായ പൊതുസ്ഥാനാർഥികളെ മലബാറിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. അങ്ങനെയായാൽ കോഴിക്കോട്‌ നോട്ടമിട്ട മുരളീധരൻ ഗ്രൂപ്പിലെ രഘുനാഥിനും സീറ്റ് കിട്ടാനിടയില്ല. മാറിയ സാഹചര്യത്തിൽ മുരളീധരനോട് അടുപ്പമുള്ള സി.കൃഷ്ണകുമാറിനു പാലക്കാട് സീറ്റും കിട്ടിയേക്കില്ല. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള മുരളീധരൻ ഗ്രൂപ്പിന്റെ ചാരടുവലികൾ പകുതിവഴിക്കു പാളിയ സാഹചര്യത്തിൽ ഗ്രുപ്പിലെ മറ്റു നേതാക്കൾക്കു സീറ്റുകുടി നിഷേധിക്കപ്പെട്ടാൽ വിഭാഗീയത മൂർച്ഛിക്കുമെന്നാണു വിലയിരുത്തൽ.

തർക്കം കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തിയാൽ സമവായമുണ്ടാകുമെന്നാണു മുരളീധര വിഭാഗത്തിന്റെ കണക്കുകൂട്ടൽ. മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തു മത്സരിപ്പിക്കാനാണു ധാരണ. ആർഎസ്എസിന്റെ നിര്‍ദേശമായതിനാൽ കുമ്മനത്തിനെതിരേ പാർട്ടിയിൽ കാര്യമായ എതിർപ്പുയരില്ല. ആലപ്പുഴയിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് അമിത് ഷായുടെ നിർദേശം. ഇക്കാര്യത്തിൽ തുഷാർ മറുപടി നല്‍കിയിട്ടില്ല. ഇതുൾപ്പെടെ എട്ടു സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചെണ്ണം നൽകാൻ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് അറിയുന്നത്.