വിജയ് മല്യയെ നാടുവിടാൻ സഹായിച്ചത് മോദിയുടെ വേണ്ടപ്പെട്ടയാൾ: രാഹുൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യ വിട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലുക്ക് ഔട്ട് നോട്ടിസ് ദുർബലപ്പെടുത്തി മല്യയ്ക്കു രക്ഷപ്പെടാൻ അവസരമൊരുക്കിയതു സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന എ.കെ.ശർമയാണെന്നു രാഹുൽ ആരോപിച്ചു.

ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന ശർമ, മോദിക്കു വേണ്ടപ്പെട്ടയാളായിരുന്നു. ഇതേ എ.കെ.ശർമ തന്നെയാണു സാമ്പത്തിക തട്ടിപ്പുകാരായ നീരവ് മോദിയെയും മെഹുൽ ചോക്സിയെയും രാജ്യം വിടാൻ സഹായിച്ചത്. ഇതോടെ അന്വേഷണങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. മല്യയുടെ നാടുവിടൽ അറിഞ്ഞിട്ടും അന്വേഷണ ഏജൻസികളെ അറിയിക്കാതിരുന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കഴിഞ്ഞദിവസം രാഹുൽ ആവശ്യപ്പെട്ടിരുന്നു.