കൂട്ടിയ നിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ല; അയ്യപ്പഭക്തര്‍ മനസ്സിലാക്കും: എ.കെ.ശശീന്ദ്രൻ

എ.കെ.ശശീന്ദ്രൻ

കോഴിക്കോട്∙ നിലയ്ക്കല്‍– പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏർപ്പെടുത്തിയാല്‍ കെഎസ്ആർടിസി പിന്‍മാറും. ത്യാഗം സഹിച്ചു കെഎസ്ആർടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

പമ്പയില്‍ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്ക്കെടുത്തു പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതു ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര്‍ പറഞ്ഞു.