വീണ്ടും ബാങ്ക് ലയനം; ഒന്നാകുക ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക്

ന്യൂഡൽഹി∙ മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും.

ലയനം ബാങ്കുകളുടെ വായ്പ നൽകൽ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്നു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ അംഗീകാരം നൽകിയാൽ ലയനനടപടികൾ ആരംഭിക്കും. 2019 മാർച്ച് 31 നുള്ളിൽ ലയനനടപടികൾ പൂർത്തിയാക്കാനാണ് നീക്കം.

ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. എസ്ബിഐയുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളുടെ ലയനത്തിനിടെ ജീവനക്കാരിൽ ആരുടെയും ജോലി നഷ്ടമായില്ല. ലയനം വരെ ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ സ്വതന്ത്രമായി പ്രവർത്തിക്കുക. പുതുതലമുറ ബാങ്കിങ് പരിഷ്കരണങ്ങൾക്കൊപ്പം നീങ്ങാൻ ലയനം ഈ ബാങ്കുകളെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവിൽ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് – 2,129, ദേന ബാങ്ക് – 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരാണ് ഉള്ളത്.