നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ള: ‘സാലറി ചാലഞ്ചിൽ’ ഹൈക്കോടതി

കൊച്ചി∙ കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ‘സാലറി ചാലഞ്ചിൽ’ നിലപാടുമായി ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥരില്‍നിന്നു ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതു കൊള്ളയെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടതു ശമ്പളം നല്‍കണമെന്നു മാത്രമാണ്. ഇതിന്റെ പേരില്‍ നിര്‍ബന്ധമായി പിരിക്കുന്നതു ശരിയല്ല. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ ഹര്‍ജിയിലാണു കോടതി പരാമർശം. ഉത്തരവ് പുനഃപരിശോധിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്കു സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ മയപ്പെടുത്തിയ നിലപാടായിരുന്നെങ്കിൽ പിന്നീടു നിർബന്ധമെന്ന നിലയിലേക്കു കാര്യങ്ങൾ തിരിഞ്ഞു. ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി വിവാദമാകുകയും ചെയ്തു. ചിലയിടങ്ങളിൽ സാലറി ചലഞ്ചിനെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി.