ബിഷപ്പിനെ ചോദ്യംചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; തയാറെടുത്ത് പൊലീസ്

ബിഷപ് ഫ്രാങ്കോ മുളക്കയ്ൽ.

കോട്ടയം ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നുവെന്നു പൊലീസ്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യാവലി തയാറാക്കി. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചാണു ചോദ്യങ്ങളുണ്ടാക്കിയത്. ബിഷപ്പിനെ മൂന്നുദിവസംവരെ ചോദ്യം ചെയ്തേക്കുമെന്നാണു സൂചനകള്‍. കോട്ടയത്തു മൂന്നിടത്താണു പൊലീസ് ഇതിനായി ഒരുക്കങ്ങള്‍ നടത്തുന്നത്.

95 സാക്ഷികളുടെ മൊഴി, നാലു തൊണ്ടിമുതൽ, 34 രേഖകൾ എന്നിവയാണു പൊലീസ് കരുതിവച്ചിരിക്കുന്നത്. ചോദ്യംചെയ്യൽ ദിവസം ഏർപ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും ചർച്ചചെയ്തു. 19ന് വൈക്കം ഡിവൈഎസ്പി ഓഫിസിൽ ഹാജരാകാനാണു ബിഷപ്പിനുള്ള നോട്ടിസിലെ നിർദേശം. വൈക്കം പൊലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ ഹൈടെക് സ്റ്റേഷൻ, കോട്ടയം പൊലീസ് ക്ലബ് എന്നിവിടങ്ങൾ ചോദ്യംചെയ്യലിനായി പരിഗണിക്കുന്നുണ്ട്.

അതിനിടെ, ജലന്തര്‍ രൂപതയുടെ ചുമതലകളില്‍നിന്നു മാറിനില്‍ക്കാന്‍ അനുമതി തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്കു കത്തയച്ചു. കേസില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ സമയം ആവശ്യമാണെന്നാണു കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മാര്‍പാപ്പയുടെ അനുമതി വേഗം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജലന്തര്‍ രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാവുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരത്തിനുണ്ട്. കന്യാസ്ത്രീ മഠം സ്ഥിതിചെയ്യുന്ന കുറവിലങ്ങാട്ട് പുതിയ സമരകേന്ദ്രം തുറക്കും. രണ്ടു ദിവസത്തിനുളളിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം തുടങ്ങും.