സജീവ് ജോസഫ് എഐസിസി വിദേശകാര്യ സെക്രട്ടറി; ബിഹാറിന് 4 വർക്കിങ് പ്രസിഡന്റുമാർ

ന്യൂഡൽഹി∙ എഐസിസി വിദേശകാര്യവിഭാഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു. മലയാളിയായ സജീവ് ജോസഫിനെ സെക്രട്ടറിയായി നിയമിച്ചു. സജീവിനെ കൂടാതെ ദീപേന്ദർ ഹൂഡയെയും സെക്രട്ടറിയായി നിയമിച്ചു. ഭുവനേശ്വർ കാലിത, പ്രതാപ് സിങ് ബജ്‌വ എന്നിവരാണ് വൈസ് ചെയർമാൻമാരെന്ന് പാർട്ടി ജനറൽ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. ജനറൽ സെക്രട്ടറിമാർ: മനീഷ് തിവാരി, എം.എം.പല്ലം രാജു, കൺവീനർ: രാഗിണി നായക്, കോ–കൺവീനർ: സഞ്ജയ് ചന്ദോക്.

ബിഹാർ സംസ്ഥാന കോൺഗ്ര‌സിലും അഴിച്ചുപണി നടത്തി. സംസ്ഥാന അധ്യക്ഷനെ കൂടാതെ ബിഹാറിന് നാല് വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചു. അധ്യക്ഷനായി മദൻ മോഹൻ ഝായെ രാഹുൽ നിയമിച്ചു. അഖിലേഷ് പ്രസാദ് സിങ് ആണ് പ്രചാരണ കമ്മിറ്റി ചെയർമാൻ. വർക്കിങ് പ്രസിഡന്റുമാരായി അശോക് കുമാർ, കൗകബ് ഖ്വാദ്രി, സാമിർ കുമാർ സിങ്, ശ്യാം സുന്ദർ (ധിരാജ്) എന്നിവരെയും നിയമിച്ചു.