പീഡനപരാതിക്കെതിരെ തെളിവുകൾ നിരത്തി ബിഷപ്പ്; വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ പീഡനപരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതു പൊലീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 11 ന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടിസ് നല്‍കി. ബിഷപ് സഹകരിക്കുന്നതായും ചോദ്യം ചെയ്യൽ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു.

ഏഴു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷ‌മാണു ബിഷപ് പുറത്തിറങ്ങിയത്. ചോദ്യംചെയ്യല്‍ കേന്ദ്രത്തിനു പുറത്തു പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർ ബിഷപ്പിന്റെ കാര്‍ തടയാൻ ശ്രമിച്ചു. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ നിരപരാധിയാണെന്നു ചോദ്യംചെയ്യലില്‍ ബിഷപ് ആവർത്തിച്ചെന്നാണു സൂചന. പരാതിയിൽ പറയുന്ന ദിവസങ്ങളില്‍ താൻ മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി. പരാതിക്കാരിക്കു ദുരുദ്ദേശ്യമാണെന്നും ബിഷപ് ആവര്‍ത്തിച്ചു.

ചോദ്യം ചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ. ചിത്രം: ടോണി ഡൊമിനിക്

ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്നു ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച ബിഷപ്, വ്യക്തിവിരോധം തീര്‍ക്കുകയാണു കന്യാസ്ത്രീയുടെ ലക്ഷ്യമെന്നു പറഞ്ഞു. തനിക്ക് അനുകൂലമായ തെളിവുകള്‍ നല്‍കിയാണു ബിഷപ് മറുപടി പറഞ്ഞത്. സഭ വിടാനുള്ള കന്യാസ്ത്രീയുടെ അപേക്ഷ, ചില ദൃശ്യങ്ങള്‍ തുടങ്ങിയവ ബിഷപ് ഹാജരാക്കിയെന്നാണു വിവരം.

ബിഷപ് ഫ്രാങ്കോ(മധ്യത്തിൽ)യും സംഘവും ചോദ്യം ചെയ്യലിനായി ഓഫിസിന് ഉള്ളിലേക്കു കയറുന്നു. കൂടെ വന്ന അച്ചനും കാർ ഓടിച്ച ആളുമാണ് പിന്നിലുള്ളത്. ചിത്രം: ടോണി ഡൊമിനിക്.

രാവിലെ 11 മണിക്കാണു ബിഷപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയത്. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ നിരത്തിയാണു കോട്ടയം എസ്പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ നടത്തിയത്. അത്യാധുനിക സംവിധാനങ്ങളുടെ സൗകര്യവും ഒപ്പം സുരക്ഷയും മുൻനിർത്തിയാണ് തൃപ്പൂണിത്തുറയിലെ കേന്ദ്രത്തിലേക്കു ചോദ്യം ചെയ്യൽ മാറ്റിയത്. മാധ്യമങ്ങൾക്കു മുഖം നൽകാതെ നാടകീയമായാണു ബിഷപ് ഹാജരായത്. ജലന്തർ രൂപത പിആർഒ പീറ്റർ കാവുംപുറത്തിനു പുറമെ അഭിഭാഷകരും ബിഷപ്പിനെ അനുഗമിച്ചു.

എസ്പി ഹരിശങ്കർ ഐജി വിജയ് സാക്കറെയുടെ വീട്ടിൽ യോഗത്തിനെത്തുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ.

അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നിരാഹാരസമരം നടത്തുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും ഇവർ നിരാഹാര സമരം തുടരുകയാണ്. സമരവേദിയിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിന്റെ പ്രതീകമായി അവരുടെ രേഖാചിത്രം സ്ഥാപിച്ചു.

ചോദ്യം ചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ.
ചോദ്യം ചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ.