‘വാഗ്ദാനങ്ങളെല്ലാം മോദി നിറവേറ്റുന്നുണ്ട്’; പിള്ളയ്ക്കെതിരെ ഒളിയമ്പ്

പി.എസ്.ശ്രീധരൻപിള്ള, പി.രഘുനാഥ്

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒളിയമ്പ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കാര്യമില്ലെന്ന പിള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണു മുരളീധര പക്ഷത്തെ പ്രമുഖ നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

പെട്രോള്‍വില കുറയ്ക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ശ്രീധരന്‍പിള്ള കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണു മുന്‍ സംസ്ഥാന വക്താവായ പി.രഘുനാഥ് രംഗത്തെത്തിയത്. വാഗ്ദാനങ്ങളെല്ലാം നിറവേറ്റി തന്നെയാണു മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നു രഘുനാഥ് കുറിപ്പിൽ വ്യക്തമാക്കുന്നു.

പി.രഘുനാഥിന്റെ കുറിപ്പിൽനിന്ന്:

തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ വിവാദ പ്രസ്താവന. പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തിരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കിൽ ഇവിടെ കോൺഗ്രസ്  എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? പെട്രോൾ വില കുറയ്ക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ പോകുന്ന കാര്യമാണ്. ഞാൻ എന്റെ പാർട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം’– പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പി.എസ്.ശ്രീധരൻ പിള്ള.

എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തിലേക്കു ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ലോകാരാധ്യനായ ഇന്ത്യൻ പ്രധാനമന്ത്രി ബഹുമാന്യനായ നരേന്ദ്ര മോദിജിക്ക് അഭിവാദ്യങ്ങൾ. ബിജെപി 2014–ൽ ജനങ്ങൾക്കു മുന്നിൽവച്ച ജനക്ഷേമ പദ്ധതികളും മുദ്ര ബാങ്ക്, ഉജ്വൽ യോജന, പ്രധാനമന്ത്രി ആവാസ് യോജന, കർഷകരെ സഹായിക്കാനുള്ള പദ്ധതികൾ, ആഭ്യന്തര സുരക്ഷ, അടിസ്ഥാന വികസനത്തിനായുള്ള പദ്ധതികൾ തുടങ്ങി ആയിരക്കണക്കിനു പദ്ധതികൾ രാജ്യത്തു നടപ്പിലാക്കിയിരിക്കുന്നു.

പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതം സുരക്ഷിതമാക്കാൻ നാലര വർഷത്തെ മോദിജിയുടെ ഭരണത്തിൽ വൻ നടപടികൾ ഉണ്ടായി. അഴിമതി തുടച്ചുമാറ്റും എന്ന ബിജെപിയുടെ ഉറച്ച തീരുമാനം നടപ്പിലാക്കി മാതൃകാഭരണം നടത്തിയ നരേന്ദ്ര മോദിജി ലോകത്തിനുതന്നെ മാതൃകയായി. വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കി തന്നെയാണു നരേന്ദ്ര മോദിജി മുന്നേറുന്നത്. ബിഗ് സല്യൂട്ട്.