ട്രെയിൻ വൈകൽ; പരാതിയെഴുത്തു സമരവുമായി ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’

പരാതിയെഴുത്തു സമരത്തിൽ പങ്കെടുക്കുന്ന ഹൈബി ഈഡൻ എംഎൽഎ.

കൊച്ചി∙ അശാസ്ത്രീയ ടൈംടേബിൾ പരിഷ്കരണത്തിലും ട്രെയിനുകൾ വൈകി ഓടുന്നതിലും പ്രതിഷേധിച്ചു യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടിപ്പിച്ച പരാതിയെഴുത്തു സമരത്തിനു കൊച്ചിയിൽ തുടക്കം. എറണാകുളം സൗത്ത് സ്റ്റേഷനിൽ എ.സമ്പത്ത് എംപിയും ഹൈബി ഈഡൻ എംഎൽഎയും പരാതി എഴുതി സമരം ഉദ്ഘാടനം ചെയ്തു. 

ട്രെയിനുകൾ സമയകൃത്യത പാലിക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നു എ.സമ്പത്തും ഹൈബി ഈഡനും ആവശ്യപ്പെട്ടു. ട്രെയിനുകൾ തോന്നിയതുപോലെ പിടിച്ചിടുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണെന്നും ചില ദീർഘദൂര ട്രെയിനുകൾ ദിവസങ്ങളോളം വൈകുന്ന സാഹചര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. ആവശ്യത്തിനു പ്ലാറ്റ്ഫോമുകളില്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണമെന്ന് അധികൃതർ വിശദീകരിച്ചു.

പരാതിയെഴുത്തു സമരത്തിൽ പങ്കെടുക്കുന്ന എ.സമ്പത്ത് എംപി

കൊച്ചുവേളി– ബെംഗളൂരു ട്രെയിൻ മിക്ക ദിവസവും മണിക്കൂറുകൾ വൈകിയാണു എറണാകുളത്ത് എത്തുന്നത്. ആലപ്പുഴ, കോട്ടയം റൂട്ടുകളിൽ ഒന്നു മുതൽ രണ്ടു മണിക്കൂർ വരെയാണു മുന്നറിയിപ്പ് ഇല്ലാതെ ട്രെയിനുകൾ പിടിച്ചിടുന്നത്. മാസങ്ങളായി സംസ്ഥാനത്തു ട്രെയിൻ ഗതാഗതം താറുമാറായ അവസ്ഥയിലാണ്. പരാതികൾ നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണു പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്നു യാത്രക്കാർ പറഞ്ഞു.

യാത്രാക്കാര്‍ക്കൊപ്പം ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണു സമരം ശക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ റെയില്‍വെ സ്റ്റേഷനുകളിലെയും സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതി പുസ്തകത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, യാത്രക്കാർ എന്നിവര്‍ പരാതി  രേഖപ്പെടുത്തുമെന്നു ഭാരവാഹികൾ പറഞ്ഞു. എസ്.പ്രസന്നൻ, ഫിനി അനീഷ്, ബാലകൃഷ്ണൻ, വി.കെ.ശിവകുമാർ, വിഷ്ണു, ഷീല എന്നിവർ പ്രസംഗിച്ചു.