മെഡിക്കൽ പ്രവേശന പ്രതിസന്ധി: നിർണായക ഇടപെടലുമായി സുപ്രീംകോടതി

പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ മെഡിക്കൽ പ്രവേശന പ്രതിസന്ധിക്കു ശാശ്വതപരിഹാരം കാണാന്‍ സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സിലിനെയും രാജ്യത്തെ മെഡിക്കല്‍ കോളജുകളെയും ഒറ്റശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതു പഠിക്കാന്‍ സാങ്കേതിക വിദഗ്ധൻ നന്ദന്‍ നിലേകനിയെ കോടതി നിയോഗിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയുടെ ഇടപെടൽ.

കേരളത്തിലെ സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എസ്.എ.ബൊബ്ഡെ അധ്യക്ഷനായ ബെഞ്ച്. മെഡിക്കല്‍ കോളജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണു മെഡിക്കല്‍ കൗണ്‍സിലിന്‍റെ പ്രധാനപരാതി. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ തോന്നുംപടി പരിശോധന നടത്തി അനുമതി നിഷേധിക്കുകയാണെന്നു മെഡിക്കല്‍ മാനേജ്മെന്റുകളും സ്ഥിരമായി വാദിക്കുന്നു.

ഒരാഴ്ചയ്ക്കകം മെഡിക്കല്‍ കൗണ്‍സിലിന്‍റെയും കോളജ് പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സഹായത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ അമിക്കസ് ക്യൂരിയായി കോടതി നിയോഗിച്ചു.