ലണ്ടനിൽ പഠിക്കാൻ രാജമാണിക്യം; അഞ്ച് ഐഎഎസുകാർ വിദേശത്ത്

എം.ജി. രാജമാണിക്യം, ശ്രീറാം വെങ്കിട്ടരാമൻ, മൃന്‍മയി ജോഷി

തിരുവനന്തപുരം ∙ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം ഉപരിപഠനത്തിനായി വിദേശത്തേക്കു പോകുന്നു. കഴിഞ്ഞമാസം അവസാനമാണു യാത്ര തീരുമാനിച്ചതെങ്കിലും പ്രളയത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. നാലു യുവ ഐഎഎസ് ഓഫിസര്‍മാര്‍ പഠനത്തിനായി നേരത്തേ തന്നെ വിദേശത്തേക്കു പോയി. ജി.ആര്‍.ഗോകുല്‍, ശ്രീറാം വെങ്കിട്ടരാമന്‍, സ്വാഗത് ആര്‍.ഭണ്ടാരി, മൃന്‍മയി ജോഷി എന്നിവരാണു കേരളം വിട്ടത്.

ലണ്ടനിലെ കിങ്സ് സർവകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി െചയ്യാനാണു രാജമാണിക്യം പോകുന്നത്. ഒരു വര്‍ഷമാണു കാലാവധി. ശനിയാഴ്ച ലണ്ടനിലേക്കു തിരിക്കും. നേരത്തേ തീരുമാനിച്ച യാത്രയാണെന്നും പ്രളയത്തെത്തുടര്‍ന്നു നീട്ടിവയ്ക്കുകയായിരുന്നെന്നും രാജമാണിക്യം ‘മനോരമ ഓണ്‍ലൈനോടു’ പറഞ്ഞു. റവന്യൂ വകുപ്പ് സ്പെഷല്‍ ഓഫിസറായിരിക്കേ, വന്‍കിടക്കാരുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ശ്രദ്ധ നേടിയിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി എംഡിയായി നിയമിതനായപ്പോഴുള്ള നടപടികളും ശ്രദ്ധേയമായിരുന്നു.

Also Read ഫുൾബ്രൈറ്റിലേക്കുള്ള ശ്രീറാമിന്റെ യാത്ര

ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വഡ് സർവകലാശാലയിലാണു ചേര്‍ന്നത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചതോടെയാണു ശ്രീറാം ശ്രദ്ധ നേടുന്നത്. 2016 ജൂലൈ 22ന് ദേവികുളം സബ് കലക്ടറായി ചാര്‍ജെടുത്ത ശ്രീറാം, 300 എക്കറോളം സര്‍ക്കാര്‍ ഭൂമിയാണു തിരിച്ചുപിടിച്ചത്. പാപ്പാത്തിച്ചോലയിലെ ഭൂമി ഒഴിപ്പിക്കല്‍ ഏറെ വിവാദമായിരുന്നു. കയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നു തൊഴില്‍വകുപ്പിലേക്കു സ്ഥലം മാറ്റി.

ഇടുക്കി ജില്ലാ കലക്ടറായിരുന്ന ജി.ആര്‍.ഗോകുല്‍ യുഎസ്എയിലെ പ്രിന്‍സ്റ്റണ്‍ സർവകലാശാലയിലാണു മാസ്റ്റേഴ്സ് ഡിഗ്രി െചയ്യുന്നത്. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോകുല്‍ പാലക്കാട് യാക്കര സ്വദേശിയാണ്. എറണാകുളം അസിസ്റ്റൻ് കലക്ടറായും ആലപ്പുഴ, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃന്‍മയി ജോഷി ഓക്സ്ഫഡ് സർവകലാശാലയിലാണു മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്നത്. സ്വാഗത് ആര്‍.ഭണ്ടാരി അമേരിക്കയിലെ ഹൂസ്റ്റണില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്സാണു തിരഞ്ഞെടുത്തിരിക്കുന്നത്.