അതൃപ്തിയില്ല, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തിനു നന്ദി: കെ.സുധാകരന്‍

കെ.സുധാകരൻ

കൊച്ചി∙ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടികയിൽ താൻ അതൃപ്തനാണെന്ന വാര്‍ത്ത നിഷേധിച്ച് കെ.സുധാകരന്‍. പുതിയ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തിനു ഗുണം ചെയ്യും. വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തില്‍ എഐസിസി നേതൃത്വത്തോടു നന്ദി അറിയിക്കുന്നു. അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്ല. ഇനിയും അവസരമുണ്ടെന്നും സുധാകരൻ പറഞ്ഞു.

എഐസിസിയുടെ തീരുമാനമാണ് അന്തിമം. വ്യക്തിപരമായ താൽപര്യത്തേക്കാൾ പാർട്ടിയുടെ തീരുമാനമാണു പ്രധാനം. മരിക്കും വരെ കോൺഗ്രസ് ശ്വാസമായിരിക്കും തന്റേത്. പാർട്ടിയുടെ താൽപര്യം ഹനിക്കുന്ന ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. കെപിസിസി വർക്കിങ് പ്രസി‍ഡന്റ് സ്ഥാനം ഏറ്റെടുക്കും– കെ.സുധാകരൻ വ്യക്തമാക്കി.

ഭാരവാഹിപ്പട്ടിക ചുരുക്കുന്നത‌് ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച ശേഷമെന്നു നിയുക്ത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പറഞ്ഞു. സുധാകരന് അതൃപ്തിയുണ്ടെന്നു കരുതുന്നില്ലെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കെപിസിസി അഴിച്ചുപണിയില്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണു സൂചന. ഹൈക്കമാന്‍ഡിനോട് അടുത്തുനില്‍ക്കുന്നവരും സംസ്ഥാന രാഷ്ട്രീയവുമായി സജീവബന്ധമില്ലാത്തവരും കെപിസിസിയുടെ തലപ്പത്ത് എത്തിയതാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിക്കുന്നത്.