ദാരിദ്ര നിർമാർജനം ലക്ഷ്യം; കുടുംബശ്രീ മാതൃക പകർത്താൻ ഉത്തര്‍പ്രദേശ്

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാർജനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍പ്രദേശും. കുടുംബശ്രീ എന്‍ആര്‍ഒയ്ക്ക് (നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍) വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 

ഉത്തര്‍പ്രദേശില്‍ പഞ്ചായത്തീരാജ് സംവിധാനങ്ങളും സാമൂഹ്യസംഘടനാ സംവിധാനങ്ങളും (സിബിഒ- കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍സ്) സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സാങ്കേതിക സഹായവും കുടുംബശ്രീ എന്‍ആര്‍ഒ നല്‍കും. കുടുംബശ്രീ എന്‍ആര്‍ഒയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ്, ബിഹാര്‍, സിക്കിം, അസം, മണിപ്പുര്‍, ത്രിപുര, ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലുമാണ് ഇപ്പോള്‍ കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നത്. 

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (എന്‍ആര്‍എല്‍എം) കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പൂര്‍ണപിന്തുണയും സഹായവും നല്‍കുന്നതിനായുള്ള നാഷനല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍ആര്‍ഒ) അംഗീകാരം 2012 ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീക്കു നല്‍കുന്നത്. ഇതുപ്രകാരം എസ്ആര്‍എല്‍എമ്മുകളുമായി കരാറിലെത്തി അവര്‍ക്കുവേണ്ട എല്ലാവിധ പിന്തുണയും കുടുംബശ്രീ നല്‍കുന്നു.

സാമൂഹ്യാധിഷ്ഠിത സംവിധാനങ്ങള്‍ വഴി സൂക്ഷ്മ സംരംഭ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളും കുടുംബശ്രീ എന്‍ആര്‍ഒ നടത്തുന്നു. എംഇസിമാര്‍ (മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്) വഴി സൂക്ഷ്മ സംരംഭങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുക, സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് (എസ്‌വിഇപി) എന്നീ പ്രവര്‍ത്തനങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. 

ഉത്തർപ്രദേശില്‍ പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ സെപ്റ്റംബര്‍ അഞ്ചിനും ആറിനും സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യത്തിലെ ജില്ലാതല ഓഫിസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്നൗവില്‍ ശില്‍പ്പശാല നടത്തി. ബ്ലോക്ക് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും കൈക്കൊണ്ടു. ഇതനുസരിച്ചാണു വാരാണസി, ഗൊരഖ്പുര്‍, സുല്‍ത്താന്‍പുര്‍, മിര്‍സാപുര്‍, ബഹ്റൈഖ്, ബസ്തി, ബന്ദ, ഫത്തേപുര്‍, ഛന്ദൗലി, സൊന്‍ഭദ്ര എന്നീ ജില്ലകളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 

നിലവില്‍ പഞ്ചായത്തീരാജ് സംവിധാനങ്ങളും സാമൂഹിക സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ അസം, ജാര്‍ഖണ്ഡ്, മണിപ്പുര്‍, രാജസ്ഥാന്‍, ത്രിപുര, ഛത്തിസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണു നടക്കുന്നത്. ജാര്‍ഖണ്ഡിലെ പത്തു ജില്ലകളിലും അസമിലെ ഒൻപതു ജില്ലകളിലും മണിപ്പൂരിലെ ആറു ജില്ലകളിലും ഛത്തിസ്ഗഡിലെ അഞ്ചു ജില്ലകളിലും രാജസ്ഥാനിലെയും ത്രിപുരയിലെയും മൂന്നു ജില്ലകളില്‍ വീതവും മിസോറമിലെ ഒരു ജില്ലയിലുമാണു കുടുംബശ്രീ എന്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നത്.