ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തേക്ക്; ബിഷപ് പത്തരയ്ക്ക് ഹാജരാകും

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി∙ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രാവിലെ പത്തരയ്ക്കു ഹാജരാകാനാണു ബിഷപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റിലേക്ക് കടന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ബിഷപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്താവും ഇന്നത്തെ ചോദ്യം ചെയ്യല്‍.

ബിഷപിന്റെ മുന്‍ മൊഴികള്‍ക്കെതിരേ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു രണ്ടാം ദിവസം പൊലീസിന്റെ ചോദ്യംചെയ്യൽ. കുറവിലങ്ങാട് നാടുകുന്ന് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ് പറഞ്ഞതായാണു വിവരം. 

കന്യാസ്ത്രീ പൊലീസിനു നൽകിയ മൊഴി, ചങ്ങനാശേരി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ്, ബിഷപ്പിന്റെ മുൻ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദർശക റജിസ്റ്റർ, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകൾ ഉപയോഗിച്ചായിരുന്നു ചോദ്യംചെയ്യൽ. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദർശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു. 

അതേസമയം, അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിൽ കന്യാസ്ത്രീ നടത്തിയ കുമ്പസാരം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു ബിഷപ് ആവശ്യപ്പെട്ടു. കുമ്പസാര രഹസ്യം വെളിപ്പെടുത്താറില്ലെന്ന വാദമാണ് ഉന്നയിച്ചത്. തുടർന്ന് അട്ടപ്പാടിയിലേക്കു പോയ പൊലീസിനു മുൻപാകെ ധ്യാനകേന്ദ്രം അധികൃതരും ഇതേ നിലപാട് ആവർത്തിച്ചു.

കേസിൽ പൊലീസിന്റെ പ്രധാന തെളിവുകളിലൊന്നാണു ധ്യാനകേന്ദ്രത്തിലെ കുമ്പസാരവിവരം. 2017 മേയിൽ അച്ചടക്കനടപടി എടുത്തതിലെ വിരോധം മൂലമാണു കന്യാസ്ത്രീ തനിക്കെതിരെ പരാതി നൽകിയതെന്നാണു ബിഷപ്പിന്റെ വാദം. എന്നാൽ പീഡന വിവരം 2016 സെപ്റ്റംബറിൽ അട്ടപ്പാടിയിൽ കുമ്പസാരവേളയിൽ പറഞ്ഞിരുന്നുവെന്നു കന്യാസ്ത്രീ പിന്നീടു മൊഴിനൽകി.

അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും തെറ്റായ ഉത്തരമാണ് ബിഷപ്പ് നൽകിയത്. അന്വേഷണസംഘം തെളിവുകള്‍ നിരത്തിയപ്പോള്‍ ഉത്തരംമുട്ടി. കുറവിലങ്ങാട് മഠത്തില്‍ താമസിച്ചില്ലെന്ന വാദവും മുതലക്കോടം മഠത്തില്‍ താമസിച്ചെന്ന വാദവും തെളിവുകൾ നിരത്തിയപ്പോൾ പൊളിഞ്ഞു.