ജമ്മുകശ്മീരിൽ ആക്റ്റിങ് ഡിജിപിക്കു തുടരാം: സുപ്രീംകോടതി

സുപ്രീംകോടതി

ശ്രീനഗർ∙ ജമ്മുകശ്മീരിൽ ആക്റ്റിങ് ഡിജിപിയായി നിയമിതനായ ദിൽബാഗ് സിങ്ങിന് തൽക്കാലം സ്ഥാനത്തു തുടരാമെന്ന് സുപ്രീംകോടതി. ഈ മാസം ഏഴിനാണ് എസ്.പി.വൈദിൽ നിന്ന് ദിൽബാഗ് സിങ് സ്ഥാനം ഏറ്റെടുത്തത്. 

ആക്റ്റിങ് ഡിജിപിയെ നിയമിക്കാനുള്ള തീരുമാനത്തിന് അംഗീകാരം തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നേരത്തേ എജിയുടെ ഉപദേശം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കകം പുതിയ ഡിജിപിയെ നിയമിക്കുന്ന വിഷയത്തിൽ ഉചിതമായ നടപടി കൈക്കൊള്ളാനും യുപിഎസ്‌സിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശിച്ചു. നടപടിക്രമം പാലിച്ചു മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടികയ്ക്കു രൂപം നൽകാനാണ് യുപിഎസ്‌സിയോട് നിർദേശിച്ചത്. 

ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് 2006ലെ പ്രകാശ് സിങ് കേസിൽ നിർദേശിച്ച മാനദണ്ഡങ്ങളിൽ ഇളവു തേടിയാണു സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. ഒരു സംസ്ഥാനത്തും ആക്റ്റിങ് ഡിജിപിമാർ നിയമിതരാകരുതെന്നും ഡിജിപി നിയമനത്തിനു മുൻപു സംസ്ഥാനത്തെ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻമാരുടെ പട്ടിക അംഗീകാരത്തിനായി യുപിഎസ്‍സിക്ക് അയച്ചുകൊടുക്കണമെന്നും സുപ്രീംകോടതി മുൻപ് നിർദേശിച്ചിരുന്നു. ഇവ പാലിക്കാതെയാണ് എസ്.പി. വൈദിനു പകരക്കാരനായി ദിൽബാഗ് സിങ്ങിനെ ആക്റ്റിങ് ഡിജിപിയായി സംസ്ഥാന സർക്കാർ നിയമിച്ചത്.