നെഞ്ചുവേദന: ബിഷപ് തീവ്രപരിചരണ വിഭാഗത്തിൽ; ആറു മണിക്കൂർ നിരീക്ഷണത്തിൽ

ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പരിശോധനകൾക്കു ശേഷം ഐസിയുവിലേക്കു കൊണ്ടുപോകുന്നു.

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശം നൽകി. ആരോഗ്യനില പരിശോധിച്ച് തുടർചികിൽസ നിശ്ചയിക്കും.

ആരോഗ്യനില തൃപ്തികരമെങ്കിൽ ഇന്നു രാവിലെ 11ന് ബിഷപ്പിനെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അല്ലെങ്കിൽ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് നടപടി പൂർത്തിയാക്കും.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു.