ഗൂഢാലോചന വാദം പൊളിച്ചത് രണ്ടാംദിനം; ചോദ്യം ചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു: എസ്പി

എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളെ കാണുന്നു. ചിത്രം: എഎന്‍ഐ

കൊച്ചി∙ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്ന് കോട്ടയം എസ്പി: എസ്.ഹരിശങ്കർ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിൽ സംശയാതീതമായി തെളിഞ്ഞു. സ്വന്തം ഭാഗം വ്യക്തമാക്കാൻ പ്രതിക്കു പ്രത്യേക സമയം അനുവദിച്ചിരുന്നു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും എസ്പി പറഞ്ഞു.

ബിഷപ്പിനെ രാത്രിതന്നെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിക്കും. ഇവിടെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം ലൈംഗികപരിശോധനയടക്കം നടത്തും – എസ്പി കൂട്ടിച്ചേർത്തു.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വാദമാണ് ബിഷപ്പ് ആദ്യം മുതൽ തന്നെ മുന്നോട്ടുവച്ചത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ വാദം ഘണ്ഡിക്കാൻ സാധിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവയിൽ അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.