കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടു; കേസ് അട്ടിമറിക്കാനും ശ്രമം: പൊലീസ്

പാലാ∙ കുറവിലങ്ങാട്ടെ കന്യാസ്ത്രീ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ട്. രണ്ടു വർഷത്തിനിടെ 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണം. ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണ് പരാതി നൽകാൻ കന്യാസ്ത്രീ തയാറായത്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു തുടങ്ങി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാലാ കോടതിയിലാണ് പ്രോസിക്യൂഷന്‍ പുതിയ പരാതികളുടെ വിവരം അറിയിച്ചത്.

2014 – 2016 കാലയളവിൽ 13 തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണു കന്യാസ്ത്രീയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്.