ജാമ്യാപേക്ഷ തള്ളി; ബിഷപ് ഫ്രാങ്കോ രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ

പാലാ കോടതിയിൽ നിന്നു പുറത്തേക്കു വരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ചിത്രം: റെജു അർനോൾഡ്

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതൽ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ നൽകുന്നതിനെ ബിഷപ് ശക്തമായി എതിർത്തിരുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ ആരോപിച്ചിരുന്നു. 

ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധനയും പൂർത്തിയാക്കി. കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ‌‌‌കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

കോട്ടയം മെഡിക്കൽ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടിരുന്നു. ഇതിൽ ആശങ്കപ്പെടാനില്ലെന്നും ഉയർന്ന രക്തസമ്മർദത്തെ തുടർന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടർമാർ അറിയിച്ചു.