ബിഷപ്പിനെ കുടുക്കിയത് ഈ തെളിവുകള്‍; കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്നു

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതു മൂന്നു ദിവസമായി 23 മണിക്കൂര്‍. കേസ് വസ്തുതാപരമാണെന്നും ബിഷപ് കുറ്റം ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്. 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളുമാണ് ബിഷപിനോടു പൊലീസ് ചോദിച്ചത്. 

അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം. 

ചങ്ങനാശേരി കോടതിയില്‍ അവര്‍ നല്‍കിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉള്‍പ്പെടെ നല്‍കിയ വിവരങ്ങള്‍. 

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ് ഒപ്പമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍; ഇതു സംബന്ധിച്ച രേഖകള്‍. ബിഷപ് കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ്. 

കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി. 

ജലന്തര്‍ രൂപതയുടെ അച്ചടക്കനടപടിക്കും മാസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ കുമ്പസാര വേളയില്‍ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. 

ആ ദിവസം അവര്‍ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം. (അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം.)

തെളിവുകള്‍ ശക്തം: എസ്പി

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്പി ഹരിശങ്കര്‍ പറഞ്ഞത്:

ബിഷപ്പിനെതിരെ ലഭിച്ച തെളിവുകള്‍ പീഡനക്കുറ്റം ഗൗരവത്തോടെ ആരോപിക്കാവുന്ന തരത്തിലുള്ളവയാണ്. കുറ്റം സമ്മതിച്ചിട്ടുണ്ടോയെന്നു പറയാന്‍ കഴിയില്ലെങ്കിലും ലഭിച്ച ഒട്ടേറെ തെളിവുകള്‍ കുറ്റം ബോധ്യപ്പെടുന്ന തരത്തിലുള്ളവയാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്നു വ്യാഴാഴ്ച തന്നെ വ്യക്തമായിരുന്നു. കേസില്‍ ബിഷപ്പിനെ സഹായിച്ചവരെയും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചവരെയും പിടികൂടും. 

ചോദ്യങ്ങള്‍ 350, ഉപചോദ്യങ്ങള്‍ 500

ബിഷപ്പിനോടു ചോദിച്ചത് 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളും. അതേസമയം, ബിഷപ്പ് ഇതുവരെ കുറ്റ സമ്മതം നടത്തിയിട്ടില്ലെന്നും സൂചനയുണ്ട്.